വീട്ടിലേക്കൊരു പെറ്റിനെ വാങ്ങാനെത്തിയ ദമ്പതിമാര്‍ക്ക് കുറുക്കന്‍ കുഞ്ഞിനെ നല്‍കി കബളിപ്പിച്ച് കടയുടമ. സൈബീരിയന്‍ ഹസ്‌കിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കടക്കാര്‍ നല്‍കിയത് എട്ടു മാസം പ്രായമായ കുറുക്കന്‍ കുഞ്ഞിനെയാണ്. പെറുവിന്റെ തലസ്ഥാനമായ ലീമയിലെ പെറ്റ് ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. മരിബെല്‍ സോറ്റെലോയെയാണ് കടക്കാര്‍ കബളിപ്പിച്ചത്. സെബീരിയന്‍ ഹസ്‌കിയുടെ കുട്ടിയെന്ന വ്യാജേനയാണ് കടക്കാര്‍ കുറുക്കന്‍ കുഞ്ഞിനെ വിറ്റത്.
ഏകദേശം 1,000 രൂപ (13 ഡോളര്‍) മുടക്കിയാണ് കുറുക്കനെ വാങ്ങിയത്. വാങ്ങിയപ്പോള്‍ പട്ടികുഞ്ഞുങ്ങളുടേതിന് സമാനമായ എല്ലാ സ്വഭാവ സവിശേഷതകളും അവനിലുണ്ടായിരുന്നു. ‘റണ്‍ റണ്‍’ എന്ന് പേരിട്ടു. അവന് വളരുന്തോറും മാറ്റങ്ങളുണ്ടായി. വളര്‍ന്നപ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള കോഴികളെയും താറാവുകളെയും മറ്റും ‘റണ്‍ റണ്‍’ കൊന്നു തിന്നാന്‍ തുടങ്ങി.
പിന്നീടങ്ങോട്ട് സമീപപ്രദേശങ്ങളിലുള്ളവരുടെ പരാതികളുടെ പ്രളയമായിരുന്നു. പതിയെ അവന് രൂപത്തിലും മാറ്റങ്ങളുണ്ടായി. പിന്നാലെ മെലിഞ്ഞ കാലുകളും, കൂര്‍ത്ത തലയും, സൂക്ഷ്മമായ ചെവികളും മറ്റുമുള്ള ‘ആന്‍ഡിയന്‍ ഫോക്സ്’ ആണ് അതെന്ന് മരിബെല്‍ തിരിച്ചറിയുകയായിരുന്നു. പരാതികളുടെ കെട്ടിന് പിന്നാലെ നഷ്ടപരിഹാരം നല്‍കേണ്ട ചുമതലയും മരിബെല്ലിലെത്തി ചേര്‍ന്നു.
സമീപത്തുള്ള സ്ത്രീയുടെ മൂന്ന് ഗിനി പന്നികളെ കൊന്നതിനെ തുടര്‍ന്ന് അവരടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരത്തിന് നല്ലൊരു തുക മരിബെല്ലിന് ചെലവായി. അതേസമയം, ചെറുപ്പത്തില്‍ അവന്‍ പട്ടിക്കുള്ള ആഹാരങ്ങള്‍ തിന്നുകയും അവയെ പോലെ കുരയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന് മരിബെല്‍ പറഞ്ഞു.’റണ്‍ റണ്‍’ എന്ന അവന്‍ പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ കഴിഞ്ഞ മേയില്‍ വീട് വിട്ടു.