ബാലണ്‍ ഡോര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളിന്റ എഡിറ്റര്‍ക്കെതിരേ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ വര്‍ഷത്തെ ബാലന്‍ ഡോര്‍ പുരസ്‌കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്ബാണ് റൊണാള്‍ഡോയുടെ പ്രതികരണം.
ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡോര്‍ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ നുണയാണെന്നാണ് റൊണാള്‍ഡോ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പരിഭാഷ :
‘ലയണല്‍ മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടി കരിയര്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നു താന്‍ പറഞ്ഞതായി പാസ്‌കല്‍ ഫെരെ നടത്തിയ വെളിപ്പെടുത്തലിനു വിശദീകരണമാണിത്. പാസ്‌കല്‍ ഫെരെ നുണ പറഞ്ഞു, അദ്ദേഹത്തിനും അദ്ദേഹം ജോലി ചെയ്യുന്ന പ്രസിദ്ധീകരണത്തിനും പ്രചാരമുണ്ടാക്കാന്‍ എന്റെ പേര് ഉപയോഗപ്പെടുത്തി.’
‘ഫ്രാന്‍സ് ഫുട്‌ബോളിനെയും ബാലണ്‍ ഡോറിനെയും തികഞ്ഞ ആദരവോടെ കാണുന്ന ഒരാളോട് യാതൊരു ബഹുമാനവും കാണിക്കാതെ ആ പുരസ്‌കാരം നല്‍കുന്നതിന് ഉത്തരവാദിത്വമുള്ള വ്യക്തി ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്നത്തെ ചടങ്ങിന് ഞാന്‍ എത്താതിരുന്നതിനെ സംശയാസ്പദമായ ഒരു ക്വാറന്റൈന്‍ എന്ന രീതിയില്‍ യാതൊരു കാരണവും കൂടാതെ അവതരിപ്പിച്ച് വീണ്ടും നുണ പറഞ്ഞു.’
‘എന്റെ കരിയറിന്റെ തുടക്കം മുതലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്, ഫെയര്‍ പ്ലേ എന്നിവയുടെ ഭാഗമായി ആരു വിജയം നേടിയാലും ഞാനതിനെ അഭിനന്ദിക്കും. ഞാന്‍ ആര്‍ക്കും എതിരല്ല എന്നതു കൊണ്ടു കൂടിയാണ് അത് ചെയ്യുന്നത്. എനിക്കും ഞാന്‍ കളിക്കുന്ന ക്ലബിനും വേണ്ടി ഞാന്‍ വിജയങ്ങള്‍ നേടും. എനിക്കും എന്റെ നല്ലത് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഞാന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നത്. മറ്റൊരാള്‍ക്കും എതിരെ നിന്നല്ല ഞാന്‍ വിജയിക്കുന്നത്.’
‘ദേശീയ ടീമിനു വേണ്ടിയും പ്രതിനിധീകരിക്കുന്ന ക്ലബിനും വേണ്ടി സാധ്യമായ എല്ലാ കിരീടങ്ങളും നേടുകയെന്നതാണ് എന്റെ ആഗ്രഹം. പ്രൊഫഷണല്‍ ഫുട്‌ബോളറാവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ലൊരു മാതൃകയാവുകയെന്നതും എന്റെ ആഗ്രഹമാണ്. ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ എന്റെ പേര് തങ്കലിപികളില്‍ എഴുതിവെക്കപ്പെടുക എന്നതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം.’
‘മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരത്തില്‍ മാത്രമാണ് എന്റെ ശ്രദ്ധയെന്നു പറഞ്ഞു കൊണ്ട് ഞാനിതവസാനിപ്പിക്കുന്നു. എന്റെ സഹതാരങ്ങള്‍ക്കും പിന്തുണക്കുന്നവര്‍ക്കുമൊപ്പം, ഞങ്ങള്‍ക്ക് ഈ സീസണ്‍ കീഴടക്കാന്‍ കഴിയും. അതിനു ശേഷമുള്ളതെല്ലാം അതിനു ശേഷം മാത്രമാണ്.’