Breaking News

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം; ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും…

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്ത്, ഇതാദ്യമായി ഒരു മലയാളി എത്തിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് നാവികസേനയുടെ മേധാവിയായി ചുമതലയേറ്റത്. രാവിലെ ഒമ്ബത് മണിയോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.

രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ നിയമിതനായത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.

പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് ആര്‍ ഹരികുമാര്‍ എത്തിയത്. ഐ എന്‍ എസ് വിരാട്, ഐ എന്‍ എസ് റണ്‍വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചു. സേനയിലെ എല്ലാ റാങ്കുകളിലും കപ്പലുകള്‍ നയിക്കാന്‍ അവസരം ലഭിച്ച ഹരികുമാറിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. പരം വിശിഷ്ഠ് സേവ മെഡല്‍, അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …