ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ മുൻനിര ബ്രാൻഡായി ഓല മാറിയത് അതിവേഗമായിരുന്നു. പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഒരു വാഹനം വാങ്ങുന്ന രീതിയിൽ തന്നെ വിപ്ലവം സൃഷ്‌ടിക്കാൻ വരെ ഈ സ്റ്റാർട്ടപ്പ് കമ്പനിക്കായി.
ദേ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഓല ഇലക്ട്രിക്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റുകൾ പുറത്തിറക്കുന്ന ഇവി നിർമ്മാതാക്കളിൽ ഒന്നായി ഓല ഇലക്ട്രിക് മാറിയെന്നതും ശ്രദ്ധേയമാണ്.
കഷ്ടിച്ച് ഒരു വർഷം മുമ്പ് വിൽപ്പന ആരംഭിച്ച ബ്രാൻഡ് അതിവേഗമാണ് ജനമനസുകളിലേക്ക് ചേക്കേറിയത്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് കമ്പനി ഒരു ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയത്. നിലവിൽ മൂന്ന് മോഡലുകളാണ് ഓലയുടെ നിരയിലുള്ളത്. അതിൽ S1, S1 പ്രോ, S1 എയർ എന്നിവയാണ് ഉൾപ്പെടുന്നത്.
കഴിഞ്ഞ മാസം ദീപാവലി വേളയിലാണ് പുതിയ S1 എയർ ഇലക്ട്രിക് സ്കൂട്ടർ ഓല പുറത്തിറക്കുന്നത്. ഒക്ടോബറിൽ മാത്രം 20,000 യൂണിറ്റുകൾ വിറ്റഴിച്ച ഓല ഇലക്ട്രിക് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയാണ്.
ഓല നിലവിൽ S1 ഇലക്ട്രിക് സ്‌കൂട്ടറിനെ 99,999 രൂപയുടെ എക്‌സ്ഷോറൂം വിലയിലും S1 പ്രോ 1,39,999 രൂപയുടെ എക്‌സ്ഷോറൂം വിലയിലുമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ മോഡലായ S1 എയർ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് 84,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ്.