സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വിലയില്‍ നിയന്ത്രണം നിലവില്‍ വന്നു. ഇനി മുതല്‍ ലിറ്ററിന് 13 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
കൂടുതല്‍ വില ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 12ന് ആണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്.
അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. ഉത്തരവിറങ്ങിയെങ്കിലും വിഞ്ജാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം.
ഇതിനാല്‍ വിജ്ഞാപനം ഇറങ്ങിയ ശേഷമാകും നിയന്ത്രണം പൂര്‍ണ തോതില്‍ നടപ്പാക്കുക. 20 രൂപക്കാണ് ഇപ്പോള്‍ കടകളില്‍ വെള്ളം വില്‍ക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ട് വരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.