കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണികളാണ് ചൈനയും ദക്ഷിണ കൊറിയയും. മാംസം മാത്രമല്ല കഴുതയുടെ തോലും സ്വകാര്യഭാഗങ്ങളും ഉൾപ്പെടെ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് ഇത്തരത്തിൽ തയ്യാറാക്കുന്നത്. കഴുത മാംസം കൊണ്ട് മരുന്നുകൾ തയ്യാറാക്കുന്ന പ്രധാന മറ്റൊരു പ്രധാന രാജ്യമാണ് കെനിയ. കെനിയയിലെ നൈവാഷ, മൊഗോട്ടിയോ, ലോഡ്വാർ എന്നിവിടങ്ങളിൽ കഴുതകളെ കൊല്ലുന്നതിനായി പ്രത്യേക അറവുശാലകളുമുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കഴുത മാംസത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉത്പാദനം കെനിയയിൽ ഇരട്ടിയായി വർധിച്ചതായി നൈവാഷ ആസ്ഥാനമായുള്ള സ്റ്റാർ ബ്രില്യന്റ് അറവുശാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ എൻഗോൻജോ കരിയുകി പറയുന്നു. നിലവിൽ നൈവാഷയിലെ അറവുശാലയിൽ പ്രതിദിനം 100ഓളം കഴുതകളെ അറക്കുന്നുണ്ടെന്ന് സിഇഒ കൂട്ടിച്ചേർത്തു. എന്നാൽ ശീതീകരണ യന്ത്ര സംവിധാനം വിപുലീകരിച്ചതോടെ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴുത ഇറച്ചി ഉപഭോഗം കൂടുന്നതിനനുസരിച്ച് കഴുതകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിലെ മൂന്ന് അറവുശാലകൾ നിലനിർത്താൻ രാജ്യത്ത് മതിയായ കഴുതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2009 ലെ സെൻസസ് പ്രകാരം കെനിയയിൽ ഏകദേശം രണ്ട് ദശലക്ഷം കഴുതകളാണുള്ളത്. എന്നാൽ നിലവിൽ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. കെനിയയിൽ കഴുത വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.