കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. അങ്കമാലിയില്‍ പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. റോഡരികിൽ കാത്തുനിന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പോയി.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയ മുഖ്യമന്ത്രിക്കെതിരെ കളമശേരിയിലും`പ്രതിഷേധം ഉയർന്നിരുന്നു. മുദ്രാവാക്യങ്ങളുമായി നിന്ന പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി നൽകുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY