യുകെ: മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ) സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും നിയമ വിരുദ്ധമാക്കുമെന്നും യുകെ അധികൃതർ പറയുന്നു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിന് വഴങ്ങില്ലെന്നും യുകെയിലെ പ്രവർത്തനങ്ങൾ നിർത്തുമെന്നും വാട്ട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി.
വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ മേധാവി മെറഡിറ്റ് വിറ്റകറും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടന്‍റെ ആവശ്യം നിരസിച്ചിരുന്നു. യൂസർമാരുടെ സന്ദേശങ്ങൾ സ്കാൻ ചെയ്യണമെന്നാണ് പറയുന്നതെങ്കിൽ യുകെയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹവും വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി വാട്ട്സ്ആപ്പും സിഗ്നലും എൻക്രിപ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ദുർബലപ്പെടുത്തുന്നതാണ് യുകെയുടെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, രണ്ട് അപ്ലിക്കേഷനുകളും യുകെയിൽ നിരോധിക്കപ്പെടുകയും ചെയ്യും.