തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങരയിൽ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി . കാഞ്ഞിരമറ്റം സ്വദേശിയുടെ വീട് നിർമ്മാണത്തിന് സാമഗ്രികൾ ഇറക്കുന്നതിനിടയാണ് ഇവ കണ്ടെത്തിയത്. ജോലിക്ക് വന്ന അതിഥി തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയോട്ടികണ്ടത്.
കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. ഇതോടെ പണി നിർത്തിവെച്ചു. വിവരം പോലീസിൽ അറിയിച്ചതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫോറൻസ് ഉദ്യോഗസ്ഥരും. തലയോട്ടിയും അസ്ഥികളും കൂടുതൽ പരിശോധനയ്ക്കായി എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തുടയെല്ല് വിരലുകൾ എന്നിവയുടെ ഭാഗങ്ങളാണ് തലയോട്ടിക്ക് ഒപ്പം ലഭിച്ചത്. പുരുഷന്റേതാണ് ഇവ എന്നാണ് പ്രാഥമിക നിഗമനം. വീടുപണിക്കായി ഇവിടെ മുൻപ് മണ്ണ് അടിച്ചിരുന്നു.
കാലപ്പഴക്കമുള്ള തലയോട്ടിയും അസ്ഥികളും മണ്ണിനൊപ്പം എത്തിയതാകാം എന്ന സംശയവും പോലീസിനുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി തലയോട്ടിയും മറ്റും കാണപ്പെട്ട ഭാഗത്തെ മണ്ണ് അടക്കം ശേഖരിച്ചിട്ടുണ്ട്. ഇവ കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം ഫോറൻസിക്ക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കും.