കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY