എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്.
അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ എലിപ്പത്തായം പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ബോളിവുഡ് ചിത്രം ഷോലെയും പട്ടികയില്‍ ഇടംനേടി.
1955-ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയിൽ കരുണ ബാനർജി, സുബിർ ബാനർജി, ചുനിബാല ദേവി, ഉമാ ദാസ് ഗുപ്ത എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. പഥേർ പാഞ്ചാലി എന്ന പേരിൽ തന്നെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ എഴുതിയ ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
1960 ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ മേഘേ ധാക്ക താര എന്ന ബംഗാളി ചിത്രമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 1969 ൽ പുറത്തിറങ്ങിയ മൃണാൾ സെന്നിന്റെ ഭുവൻ ഷോം മൂന്നാമതും, അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം നാലാം സ്ഥാനത്തുമാണ്. 1977 ൽ ഗിരീഷ് കാസറവള്ളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഘടശ്രദ്ധയാണ് അഞ്ചാം സ്ഥാനത്ത്. എം എസ് സത്യു സംവിധാനം ചെയ്ത ഹിന്ദി സിനിമ ഗരം ഹവയാണ് പട്ടികയിൽ ആറാം സ്ഥാനത്തുള്ളത്. 1973 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
സത്യജിത് റേയുടെ തന്നെ ചാരുലത പട്ടികയിൽ ഏഴാം സ്ഥാനത്തും 1974-ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്ത അങ്കുർ എട്ടാം സ്ഥാനത്തുമാണ്. ഗുരു ദത്തിന്റെ പ്യാസ എന്ന ഹിന്ദി സിനിമയാണ് പട്ടകയിൽ ഒൻപതാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അംജദ് ഖാൻ, ഹേമമാലിനി, ജയാ ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1975-ൽ പുറത്തിറങ്ങിയ ഷോലെയെ എക്കാലത്തെയും മികച്ച പത്താമത്തെ ഇന്ത്യൻ സിനിമയായും ഫിപ്രസ്കി തിരഞ്ഞെടുത്തു.