ന്യൂഡൽഹി: കഴിഞ്ഞ 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണിയിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ പോലും, 1995-2014 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റർ ഉയരും. ഇത് ചെറിയ ദ്വീപ് രാജ്യങ്ങൾക്ക് മാത്രമല്ല, വലിയ തീരപ്രദേശങ്ങൾക്കും ഭീഷണി സൃഷ്ടിക്കും.
ഷാങ്ഹായ്, ധാക്ക, ബാങ്കോക്ക്, മുംബൈ, ലാഗോസ്, കയ്റോ, ലണ്ടൻ, കോപ്പൻഹേഗൻ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, സാന്‍റിയാഗോ തുടങ്ങിയ വലിയ നഗരങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനാൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും വെല്ലുവിളി ഉയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 1901 നും 1971 നും ഇടയിൽ 1.3 മില്ലിമീറ്റർ വർധിച്ച സമുദ്രജലം ഇപ്പോൾ കുത്തനെ ഉയരുന്നു.
സമുദ്രനിരപ്പിൽ ഗണ്യമായ മാറ്റങ്ങൾ 1900 കളിൽ ആരംഭിച്ചു. വർധിച്ചുവരുന്ന താപനില ഹിമാനികൾ ഉരുകാൻ കാരണമാകുന്നു. ഇങ്ങനെയാണ് വെള്ളം സമുദ്രത്തിലെത്തുന്നത്. സമുദ്രനിരപ്പ് ഉയരുന്നതിനാൽ ലോകത്ത് പത്തിൽ ഒരാൾക്ക് ഭീഷണിയുണ്ട്. 2100 ആകുമ്പോഴേക്കും ആഗോളതാപനം 1.5 ഡിഗ്രിയായി കുറച്ചാൽ പോലും സമുദ്രനിരപ്പിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. നാസയുടെ റിപ്പോർട്ടുകൾ പ്രകാരം അന്‍റാർട്ടിക്കയിലും ഗ്രീൻലാൻഡിലും വൻ തോതിൽ മഞ്ഞ് ഉരുകുന്നുണ്ട്.