കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഒന്നും തന്നെ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ ധാന്യം അനുവദിക്കുക,കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.എം.എസ് ഒഴികെയുളള പ്രധാന തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കുന്നത്.
ബാങ്കിംഗ്, ടെലകോം,ഇന്‍ഷ്വറന്‍സ്, ഖനി തൊഴിലാളി മേഖലയിലെ യൂണിയനുകള്‍ പണിമുടക്കുന്നുണ്ട്. റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഒറീസയിലും ബംഗാളിലും തൊഴിലാളി പണിമുടക്ക് പൂര്‍ണമാണെന്ന് ഇടത് സംഘടനകള്‍ അവകാശപ്പെട്ടു.