റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങി സിനദിന്‍ സിദാന്‍. സിദാന്‍ റയല്‍ വിടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
അതിനു പിന്നാലെ റയല്‍ മാഡ്രിഡ് തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നില്ല.
സ്പാനിഷ് ലീഗിലും ചാമ്ബ്യന്‍സ് ലീഗിലും റയല്‍ പുറത്തായി. 2022 വരെയാണ് റയലുമായി സിദാന് കരാര്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാതിരുന്നത് ടീം വിടാന്‍ താരത്തെ പ്രേരിപ്പിച്ചു. സിദാന് കീഴില്‍ കഴിഞ്ഞ സീസണില്‍ റയല്‍ ലാ ലീഗ കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണ ലാ ലീഗയില്‍ രണ്ടാം സ്ഥാനത്തെത്താനേ റയലിനായുള്ളൂ.
അദ്ദേഹത്തിന്റെ തീരുമാനത്തെ നാം മാനിക്കുകയും വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിനോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, അര്‍പ്പണബോധം, അഭിനിവേശം എന്നിവയോട് നന്ദി അറിയിക്കുകയാണെന്നാണ് വാര്‍ത്താക്കുറിപ്പില്‍ റയല്‍ പറഞ്ഞത്.
മുന്‍ റയല്‍ താരം കൂടിയായിരുന്ന സിദാന്‍ മുന്‍പ് 2016- 2018 വരെ റയലിന്റെ പരിശീലകനായി ഉണ്ടായിരുന്നു. പിന്നീട് റയലില്‍ നിന്നും പോയ സിദാന്‍ 2019 മാര്‍ച്ചില്‍ വീണ്ടും റയലിന്റെ
പരിശീലകനായി സ്ഥാനമേല്‍ക്കുകയായിരുന്നു. നിരവധി കിരീടങ്ങള്‍ സിദാന് കീഴില്‍ റയല്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സീസണ്‍ ഏവര്‍ക്കും നിരാശാജനകമായിരുന്നു.