പോത്തോട്ട മത്സരത്തിലൂടെ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്ണാടകക്കാരന് ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം.
ഗൗഡയോട് സായ് (സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) പരിശീലകരുമായി ബന്ധപ്പെട്ടാന്‍ കായികമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗൗഡയെ സായ് പരിശീലകര്‍ക്കു കീഴില്‍ ട്രയലില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അറിയിച്ചു.
ഇരുപത്തെട്ടുകാരനായ കംബല ജോക്കിയായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും 13.62 സെക്കന്‍ഡ്സ് ആയിരുന്നു.
ഗൗഡ ഓടിത്തീര്‍ത്ത ദൂരവും സമയവും തമ്മില്‍ താരതമ്യം ചെയ്ത് നോക്കിയാല്‍ ഉസൈന്‍
ബോള്‍ട്ടിനേക്കാള്‍ വേഗതയിലാണ് ഗൗഡ മത്സരം ഓടിത്തീര്‍ത്തത്.
ബോള്‍ട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുത്തു നോക്കുമ്പോള്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്.
അതായത് ബോള്‍ട്ടിനേക്കാള്‍ 0.03 സെക്കന്‍ഡ് കുറവ്. ഇതോടെ പോത്തോട്ട മല്‍സരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ ഗൗഡ മാറിയിരിക്കുകയാണ്.