കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനികൂടി വന്നതോടെ കോഴിയിറച്ചി വാങ്ങാന്‍ ആളില്ലാതായതാണ് വില കുത്തനേ ഇടിയാന്‍ കാരണം. രോഗഭീതിക്കൊപ്പം കടുത്തചൂടും ജലക്ഷാമവുംകൂടി വന്നതോടെ തകര്‍ന്നടിയുകയാണ് ഇറച്ചിക്കോഴി വിപണി.
ഇന്നലെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ഇറച്ചിക്കോഴി വിറ്റത് 19 രൂപയ്ക്ക്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഫാമുകള്‍ പൂട്ടിയും മുട്ട പൊട്ടിച്ചുകളഞ്ഞും നടത്തിപ്പുകാര്‍ മറ്റ് തൊഴില്‍ തേടുന്ന സ്ഥിതിയായിരിക്കുകയാണ്.
കൊറോണ ഭീതിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് കോഴിയിറച്ചിയും ഉത്പന്നങ്ങളും കയറ്റി അയയ്ക്കാതായി. കോഴിത്തീറ്റയുടെ വിലയും പരിപാലനഭാരവും കടത്തുന്നതിനുളള ചെലവുമെല്ലാം ചേരുമ്ബോള്‍ കോഴികര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് നേരിടുന്നത്.
വിറ്റുപോകാത്ത മുട്ടകള്‍ നശിപ്പിച്ചുകളഞ്ഞാല്‍ നഷ്ടം കുറയ്ക്കാമെന്നാണ് അവര്‍ പറയുന്നത്. ഒരാഴ്ച മുന്‍പും, തൃശൂര്‍ നഗരത്തിന് അടുത്ത് അരിമ്ബൂര്‍ സെന്ററില്‍ 19 രൂപയ്ക്കു കോഴിവില്പന നടത്തിയിരുന്നു.
കോഴികളെ വിറ്റഴിക്കാന്‍ കടകള്‍ തമ്മില്‍ മത്സരം മുറുകിയതോടെയാണ് 19 രൂപയിലെത്തിയത്. ഒരു മാസം മുന്‍പ് 120 രൂപയായിരുന്നു. കിലോഗ്രാമിന് 35 രൂപ വിലവരും കോഴിത്തീറ്റയ്ക്ക്.
ദിവസം 150-200 ഗ്രാം ഒരു കോഴിക്കു നല്‍കണം. കോഴികളെ എത്രയും വേഗം വിറ്റഴിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം എന്നതാണ് വില കുറയാനും കാരണമായതെന്നാണ് സൂചന.
നാല് കോഴിമുട്ടയുടെ വില കൊടുത്താല്‍ ഒരു കോഴിയെ വാങ്ങാമെന്ന അവസ്ഥയാണിപ്പോള്‍. 5 -6 രൂപയായിരുന്നു കോഴിമുട്ട വില. ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലയില്‍ 3 രൂപ വരെയായി മുട്ട വില താഴ്ന്നിട്ടുണ്ട്. പക്ഷിപ്പനി ഏതാണ്ട് നിയന്ത്രണ വിധേയമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് ബാധിച്ചത്.