കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം
സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം.
കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.
ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇന്ന് നല്‍കുന്ന ശ്രദ്ധ നല്‍കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ ചെന്നൈയില്‍നിന്ന് വന്ന ഒരേയൊരു രോഗിയില്‍നിന്ന് 15 പേരിലേക്കാണു കോവിഡ് പകര്‍ന്നത്.
കാസര്‍കോട്, മുംബൈയില്‍നിന്നെത്തിയ ആളില്‍നിന്ന് 5 പേരിലേക്കും പകര്‍ന്നു. വൈറസിനു ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കാലാവസ്ഥ മാറുന്നതും വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയേക്കാമെന്നാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ കടുത്ത ലക്ഷണങ്ങളുളളവരെ മാത്രമാണ് പരിശോധിക്കുന്നത്. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുളള സാധ്യത കൂട്ടുന്നു.
പാലക്കാട്, കാസര്‍കോട്, ഇടുക്കി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ രോഗബാധ വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. അതുകൊണ്ടുതന്നെ കടുത്ത ശ്വാസകോശ രോഗമുളളവരെയും പനി തുടങ്ങിയ ലക്ഷണങ്ങളുളളവരെയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്.