ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ ആദ്യം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം.
വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിച്ചുവരുകയായിരുന്നു. ഒന്നാം ഭാഗത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
മലയാളി താരം രാഹുല്‍ കെ.പിയുടെ ഗോളില്‍ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ക്ലെയ്റ്റണിന്റെ വകയായിരുന്നു സമനില ഗോള്‍. തുടക്കം മുതല്‍ വ്യക്തമായ ഗെയിം പ്ലാനോടുകൂടി കളിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്.
ആറാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കേരള ബോക്സിലേക്ക് കടന്നെങ്കിലും ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് തട്ടിയകറ്റി. 15-ാം മിനിറ്റില്‍ ബെംഗളൂരു പ്രതിരോധവും കടന്ന് മുന്നേറിയ മുറെയുടെ നീക്കം ഗുര്‍പ്രീതും തടഞ്ഞു.
എന്നാല്‍ 17-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഹൂപ്പറിന്റെ ഒറ്റയാള്‍ മുന്നേറ്റം ഏറ്റെടുത്ത രാഹുല്‍ ഗുര്‍പ്രീതിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 29-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി ക്ലെയ്റ്റന്‍ ഗോള്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് മികച്ച തുടക്കമിട്ടെങ്കിലും തൊട്ടുപിന്നാലെ ഒരു പെനാല്‍റ്റി വഴങ്ങി.
എന്നാല്‍ ആല്‍ബിനോ ഗോമസ് ഛേത്രിയുടെ പെനാല്‍റ്റി കിക്ക് തടഞ്ഞ് ഒരിക്കല്‍ കൂടി തിളങ്ങി. അതേസമയം ആ ആഘോഷം അധികം നീണ്ടുനിന്നില്ല. 52-ാം മിനിറ്റില്‍ ഓപ്സത്തിലൂടെ ബെംഗളൂരു മുന്നിലെത്തി. രണ്ട് മിനിറ്റുകള്‍ക്കപ്പുറം ഡീമാസിലൂടെ ബെംഗളൂരു സ്കോര്‍കാര്‍ഡിലെ മൂന്നാം ഗോളും പിറന്നു.
62-ാം മിനിറ്റില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി കേരള ബ്ലാസ്റ്റേഴ്സ് മറെയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി. 66-ാം മിനിറ്റില്‍ എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി വീണ്ടും ബ്ലാസ്റ്റേഴ്സ് വല കുലുക്കി. തിരിച്ചടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.