അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 7:30ന് ഖത്തറിലെ ദോഹയിലാണ് മത്സരം.
ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ഭേകെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു.
പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ശക്തരായ ഖത്തറിന് ഒരു ഗോളിന് മാത്രമേ വിജയിക്കാനായുള്ളൂ.
ഗ്രൂപ്പിലെ ശക്തരായ ഖത്തറും ഒമാനും ഇതിനോടകം തന്നെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.
ആറു മത്സരങ്ങള്‍ പിന്നിടുമ്ബോള്‍ മൂന്ന് പോയിന്റുമായി ഇന്ത്യ നാലാമതാണ്. ഫിഫ ലോകകപ്പ് കളിക്കാനുള്ള സാധ്യതകള്‍ അടഞ്ഞെങ്കിലും എഎഫ്‌സി കപ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഗ്രൂപ്പില്‍ മൂന്നാമതായി ഫിനിഷ് ചെയ്യുന്ന ടീമിന് എഎഫ്‌സി കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് നേരീട്ട് പ്രവേശനം ലഭിക്കും.
ഇന്ന് ബംഗ്ലാദേശിനേയും തുടര്‍ന്നുള്ള മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനേയും പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിച്ചേക്കും. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള അഫ്ഘാനിസ്താന് അഞ്ച്
പോയിന്റാണ്. ശക്തരായ ഒമാനെയും ഇന്ത്യയെയുമാണ് അഫ്ഘാന്‍ ഇനി നേരിടേണ്ടത്. ഇതില്‍ പ്രതീക്ഷ പുലര്‍ത്തിയാവും ഇന്ത്യ ഇറങ്ങുക.