ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും
ക്യാമ്പിൽ കൊവിഡ് എത്തിയത് താരങ്ങൾക്കിടയിൽ ആശങ്കയ്ക്കും കാരണമായി. ക്യാമ്പിലേക്ക് എങ്ങനെ കൊവിഡ് പ്രവേശിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള വിശദീകരണമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
കൊവിഡ് ബാധിതരായ താരങ്ങൾ വിംബിൾഡണും യൂറോ കപ്പ് മത്സരങ്ങളും കാണാൻ സ്റ്റേഡിയങ്ങളിൽ
എത്തിയിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. ഋഷഭ് പന്ത്, ജസ്‌പ്രീത് ബുംറ എന്നീ താരങ്ങൾ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ പരിശീലകൻ രവി ശാസ്ത്രി വിംബിൾഡൺ ഫൈനൽ
കാണിയായി ഉണ്ടായിരുന്നു. ഇവരിൽ ചിലർക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് സൂചന. അതേസമയം, ഇംഗ്ലണ്ടിൽ നടക്കുന്ന കായിക മത്സരങ്ങൾ കാണാൻ പോകരുതെന്നും ആൾക്കൂട്ടം
അവഗണിക്കണമെന്നും താരങ്ങളോട് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് താരങ്ങൾ യൂറോ കപ്പും വിംബിൾഡൺ ഫൈനലും കാണാൻ പോയത്.