Breaking News

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രായേല്‍ അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.

ആഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂര്‍ത്തിയായവര്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി.

ബൂസ്റ്റര്‍ ഡോസ് യജ്ഞം വിജയമാണെന്നും രാജ്യത്ത് രണ്ട് മില്യണ്‍ ആളുകള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്റ്റലി ബെന്നറ്റ് പറഞ്ഞു.

മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത നേട്ടമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫൈസര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ അഞ്ച് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരുടെ ഗ്രീന്‍ പാസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചത്തെ ക്വാറന്റൈനിലും ഇളവുലഭിക്കും. പകരം 24 മണിക്കൂര്‍ ക്വാറന്റൈനോ കോവിഡ് പരിശോധനയോ മതിയാകും.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ആറ് മാസം കൂടുമ്ബോള്‍ വാക്‌സിന്‍ എടുക്കാത്തവരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കൃത്യസമയത്ത് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സിന്‍ എടുക്കാത്തവരായി കാണുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …