പെട്രോള്‍ പമ്ബില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച് നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍. കൊല്ലം ഓയൂര്‍ വെളിയം മാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്ബില്‍ നിന്നാണ് വെള്ളം അമിതമായി കലര്‍ന്ന പെട്രോള്‍ അടിച്ച് നല്‍കിയത്.
ഇതിനെതിരെ പരാതികളും പ്രതിഷേധവും ശക്തമായതോടെ പമ്ബ് പോലീസ് അടപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പമ്ബില്‍ നിന്നും പെട്രോള്‍ അടിച്ച് പോയ നിരവധി വാഹനങ്ങളാണ് യാത്രയ്‌ക്കിടയില്‍ നിന്നുപോയത്.
തുടര്‍ന്ന് വര്‍ക്ക് ഷോപ്പുകളിലെത്തി പരിശോധിച്ചപ്പോഴാണ് പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വാഹനത്തിന്റെ ടാങ്കിനുള്ളില്‍ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല.
ഒരു പോലീസ് ഉദ്യോഗസ്ഥനും പമ്ബില്‍ നിന്ന് ബൈക്കില്‍ പെട്രോള്‍ അടിച്ചിരുന്നു. ഒരു കിലോമീറ്റര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ വാഹനം ഓഫായി നിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനേക്കാള്‍
കൂടുതല്‍ വെള്ളമാണ് പമ്ബില്‍ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥന്‍ പൂയപ്പള്ളി സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി പമ്ബ് അടപ്പിക്കുകയായിരുന്നു.