കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കേരളത്തില്‍ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വാറന്റൈന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവര്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം.
കേരളത്തില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഗോവയില്‍ വരുന്നവര്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈന്‍ ഇരിക്കണം. അതേസമയം ഗോവയില്‍ നിലവിലുള്ള കര്‍ഫ്യൂ ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. കാസിനോകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളൊന്നും ഗോവയില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കുന്നില്ല.
കഴിഞ്ഞ മേയ് മാസം അഞ്ചാം തീയതി മുതലാണ് ഗോവയില്‍ കര്‍ഫ്യൂ നിലവില്‍ വരുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നുവെങ്കിലും കാസിനോ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.