പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിലെ ആപ്പ് സ്‌റ്റോറുകളിലാണ് ഇതാദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലും ഈ ഫീച്ചര്‍ ലഭ്യമാകുന്നുണ്ട്. അമേരിക്കയില്‍ ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളര്‍ മുതല്‍ 4.99 ഡോളര്‍ വരെയും ഇന്ത്യയില്‍ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്.
ടെക് ക്രഞ്ച് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്റര്‍ പുതിയതായി അവതരിപ്പിച്ച ‘ട്വിറ്റര്‍ ബ്ലൂ’ പോലെയായിരിക്കും ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകളും. ഉപയോക്താക്കള്‍ക്ക് ഇഷ്ട കണ്ടന്റ്ക്രിയേറ്റര്‍മാരുടെ എക്‌സ്‌ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ലഭ്യമാകും.
സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിമിനൊപ്പം ഒരു പ്രത്യേക ബാഡ്ജും ലഭിക്കും. അത് ക്രിയേറ്റര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുമ്ബോഴോ പോസ്റ്റുകളില്‍ കമന്റ് ചെയ്യുമ്ബോഴോ ദൃശ്യമാകും. കൂടാതെ ലൈവ് വീഡിയോകളില്‍ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിര്‍മിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകള്‍ക്ക് ഓണ്‍ലൈനായി സമ്മാനങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ടാകും.
ക്രിയേറ്റര്‍ക്ക് അവരുടെ ഏകദേശ വരുമാനം, സജീവ അംഗങ്ങള്‍, കാലഹരണപ്പെട്ട അംഗത്വം എന്നിവ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് സ്വന്തം ഇഷ്ടത്തിന് മാറ്റാനും സാധിക്കും. ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭ്യമാക്കും.