ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യവുമായും പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോടായിരുന്നു അമീര്‍ ഖാന്‍ മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താന്‍ ഒരു രാജ്യവുമായും പ്രശ്‌നത്തിന് ആഗ്രഹിക്കുന്നില്ല.
ഒരു രാജ്യത്തിനും വെല്ലുവിളി ആകാനോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തേയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ വിവിധ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം കുറയുകയാണെന്ന വാദത്തേയും മുത്തഖി തള്ളി. ‘ ആരോഗ്യമേഖലയില്‍ സ്ത്രീകള്‍ക്ക് 100 ശതമാനം പ്രാതിനിധ്യം ഉണ്ട്.
അധ്യാപനരംഗത്തും ധാരാളം സ്ത്രീകളുണ്ട്. ഓരോരുത്തരും അവര്‍ ആഗ്രഹിക്കുന്ന രംഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. മുന്‍ സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു വനിത ഉദ്യോഗസ്ഥയെ പോലും താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്താക്കിയിട്ടില്ലെന്നും’ മുത്തഖി പറഞ്ഞു. അതേസമയം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും ഇതുവരെ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ലെന്ന കാര്യം മുത്തഖി സമ്മതിച്ചു.
എന്നാല്‍ കൊറോണയുടെ വ്യാപനത്തെ തുടര്‍ന്നാണ് ഇതെന്നാണ് വാദം. ഐഎസ് രാജ്യത്തിന് ഒരു ഭീഷണിയായിരുന്നെങ്കിലും, ഇപ്പോള്‍ അവരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരികയാണെന്നും മുത്തഖി അവകാശപ്പെട്ടു. ‘ ഐഎസ് അഫ്ഗാനിസ്താന് വലിയ ഭീഷണിയായിരുന്നു.
എങ്കിലും രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അവരെ ഇല്ലാതാക്കാന്‍ താലിബാന് സാധിച്ചിട്ടുണ്ട്. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് ഐഎസിന്റെ ആള്‍ക്കാരുള്ളത്. വൈകാതെ തന്നെ രാജ്യത്ത് നിന്നും ഐഎസിനെ തുടച്ചു നീക്കുമെന്നും’ മുത്തഖി പറയുന്നു.