റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍പ്പം മുന്‍പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് നീക്കം.
റഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപ്പിക്കുന്നുവെന്നും യുക്രൈന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം അധിനിവേഷത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ലോകരാജ്യങ്ങൾ ഉപരോധം കടുപ്പിച്ചു.
യൂറോപ്യൻ യൂണിയൻ വ്യോമപാത ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞു. യൂറോപ്യൻ യൂണിയന് മുകളിലൂടെ റഷ്യൻ ഉടമസ്ഥാവകാശമോ രജിസ്‌ട്രേഷനോ, നിയന്ത്രണമോ ഉള്ള വിമാനങ്ങൾക്ക് പറക്കാനാവില്ല. സ്വകാര്യ ജെറ്റുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ലോകരാജ്യങ്ങൾ ഉപരോധങ്ങൾ കടുപ്പിക്കുന്നത് മോസ്‌കോയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
കാനഡ, മാൾട്ട, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും യൂറോപ്യൻ യൂണിയന് മുൻപ് റഷ്യയ്ക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചത്. ബ്രിട്ടനും ജർമ്മനിക്കും പുറമേ ബാൾട്ടിക് രാജ്യങ്ങളും നേരത്തേ റഷ്യയ്ക്ക് വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉടനടിയുള്ള നടപടിയെന്നോണം വ്യോമപാത നിരോധിക്കാനാണ് കാനഡ നിർദ്ദേശം നൽകിയിരിക്കുന്നത്.
യുക്രൈനിന് മുകളിലുള്ള ആക്രമണത്തിന് റഷ്യയെക്കൊണ്ട് കണക്ക് പറയിക്കുമെന്നും കനേഡിയൻ ഗതാഗത മന്ത്രി അറിയിച്ചു. കാനഡയ്ക്ക് പുറമേ മാൾട്ടയും സ്പെയിനും വ്യോമപാത നിരോധിച്ചിട്ടുണ്ട്. യുക്രൈനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്ന് മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല അറിയിച്ചു.
യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനൊപ്പം തങ്ങളും നീങ്ങുന്നുവെന്നാണ് സ്പെയിനിന്റെ ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടൻ, ജർമ്മനി, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമേനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളും വ്യോമപാത നിരോധിച്ചിരുന്നു.