കൊവിഡ് മൂലം നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ 14ാം സീസണിലെ ബാക്കി മത്സരങ്ങള്‍ എപ്പോളെന്ന കായിക പ്രേമികളുടെ ചോദ്യത്തിന് ഉത്തരമായി. സെപ്റ്റംബര്‍ 19 മുതല്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തിയതി സംബന്ധിച്ച് ധാരണയായെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.
അതേസമയം രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കാന്‍ വരുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടക്കം മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
എന്നാല്‍ വിദേശ താരങ്ങളെ മത്സരത്തിന് എത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മിക്ക
വിദേശ താരങ്ങളേയും കളിപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇനി അവര്‍ക്ക് എത്താന്‍ കഴിയില്ലെങ്കില്‍ എന്ത് വേണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ബിസിസിഐ പറയുന്നു.