സി.പി.എം. നിര്‍ദേശപ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ നിരന്തരം ബി.ജെ.പി.യെ ആക്ഷേപിക്കുകയാണ്. എന്നാല്‍, തങ്ങള്‍ അത്തരം ഭാഷ സ്വീകരിക്കുന്നില്ല. താന്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ വന്നതെന്നും ഒളിവിലാണെന്നുമാണ് ആക്ഷേപം.
ഇത്തരം ബാലിശമായ ആരോപണങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പി.യുടെ മേല്‍ ഒരു പുകമറയും സൃഷ്ടിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ വാര്‍ത്തകളൊക്കെ സി.പി.എം. സൃഷ്ടികളാണ്.
ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത പി. ജയരാജനെ മാത്രമല്ല, പാര്‍ട്ടി ഓഫീസില്‍ പോയി എം.വി. ജയരാജനെയും കണ്ടിരുന്നു. പി. ജയരാജന്‍ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി തന്റെ കാറിലാണ് വയനാട്ടില്‍ യാത്രചെയ്യുന്നതെന്ന്
വനം കൊള്ളക്കേസിലെ പ്രധാനപ്രതി പറയുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഒരുവരി വാര്‍ത്ത കൊടുക്കുന്നില്ല’ -സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ്
എന്നിവരെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെന്നതും ഇവര്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നതും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കള്ളവാര്‍ത്തകളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.