പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന ഇനങ്ങള്‍. അതുകൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് കേരളം മാത്രമല്ല, യുപി, ബിഹാര്‍, ഗോവ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിര്‍ദ്ദേശത്തെ എതിര്‍ത്തു- ബാലഗോപാല്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കാനായെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ നികുതി പതിനെട്ടു ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ഇതു പിന്നീടു ചര്‍ച്ച ചെയ്യാനായി മാറ്റിയെന്ന് മന്ത്രി അറിയിച്ചു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാന സാമ്ബത്തിക സ്രോതസുകളാണ് പെട്രോളും, ഡീസലും. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ വിഷയം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിലും കുറവുണ്ടാക്കും. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയിലൂടെയുള്ള ഭക്ഷണ വിതരണത്തിനും നികുതി ഏര്‍പ്പെടുത്തുന്ന കര്യവും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിന് പുറമേ അര്‍ബുദത്തിനുള്ള മരുന്നുകളുടെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 മാസങ്ങള്‍ക്ക് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. 2019 ഡിസംബറിലായിരുന്നു അവസാന യോഗം.