സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനില്‍ നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി നിര്‍ത്തിയത് ഫോം ഇല്ലാത്തതിന്റെ പേരില്‍ അല്ലെന്ന് പരിശീലകന്‍ ബ്രാഡ് ഹാഡ്ഡിന്‍. വേണ്ടത്ര മാച്ച് പ്രാക്ടീസ് ലഭിക്കാതിരുന്നതിന്റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് ഹാഡ്ഡിന്‍ പറയുന്നത്.
ഐപിഎല്ലില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകമാണ് വാര്‍ണര്‍ നേടിയത്. 48.16 ബാറ്റിങ് ശരാശരിയില്‍ കണ്ടെത്തിയത് 289 റണ്‍സ്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ആണ് അതില്‍ ഒരു അര്‍ധ ശതകം വന്നത്. മാച്ച് പ്രാക്ടീസ് മാത്രമാണ് വാര്‍ണര്‍ക്ക് വേണ്ടിയിരുന്നത്. ഫോം നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നില്ല വാര്‍ണര്‍ ഐപിഎല്ലില്‍. കുറച്ച് മാച്ച് പ്രാക്ടീസ് മാത്രമാണ് വാര്‍ണര്‍ക്ക് അവിടെ വേണ്ടിയിരുന്നത്.
നെറ്റ്‌സില്‍ പന്ത് കൃത്യമായി ഹിറ്റ് ചെയ്യാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു. ക്രീസില്‍ കുറച്ച് സമയം ചിലവഴിച്ച് താളം വീണ്ടെടുക്കുകയേ വേണ്ടിയിരുന്നുള്ളു വാര്‍ണര്‍ക്ക്, ഹൈദരാബാദ് പരിശീലകന്‍ ഹാഡ്ഡിന്‍ പറഞ്ഞു. ട്വന്റി20 ലോകകപ്പ് അടുത്ത് നില്‍ക്കെ ഐപിഎല്‍ ടീമില്‍ നിന്ന് വാര്‍ണര്‍ തഴയപ്പെട്ടത് ഓസീസ് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയാണ് വാര്‍ണര്‍ ശക്തമായി തിരിച്ചെത്തിയത്.