സെന്റ് മേരീസ് കോളജിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് ബാധിച്ചു. ഇതോടെ കോളജ് ഹോസ്റ്റലില്‍ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി. ഈ മാസം ആദ്യം മുതല്‍ വിദ്യാര്‍ഥിനികളില്‍ അസുഖ ബാധ കണ്ടെങ്കിലും അവരെല്ലാം സ്വകാര്യ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ അവരില്‍ 7 പേര്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് നോറോ ബാധ കണ്ടെത്തിയത്.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലൂടെയാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.
രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒആര്‍എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്.
NEWS 22 TRUTH . EQUALITY . FRATERNITY