കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം വരച്ചു.
കഴിഞ്ഞദിവസമാണ് ചിത്രം നിലമേല്‍ കൈതോട്ടെ വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. ചിത്രം നെഞ്ചോടടക്കി വിങ്ങി കഴിയുകയാണ് കുടുംബം. വിസ്മയയുടെ കേസില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ചിത്രം എത്തിയതിന്റെ ആശ്വാസത്തില്‍ കൂടിയാണ് കുടുംബം. ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളില്‍ മകളുടെ ചിത്രംമാത്രം കാണേണ്ടിവന്നതോര്‍ത്തുള്ള സങ്കടം താങ്ങാനാവുന്നതിലും അപ്പുമറമായിരുന്നു ഇവര്‍ക്ക്. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീര്‍ത്തതെന്ന് ചിത്രകാരി അജിലയും പ്രതികരിച്ചു.
അതേസമയം, ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ജഡ്ജി കെ.എന്‍.സുജിത് മുന്‍പാകെയാണ് വിചാരണ നടത്തുന്നത്. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരെയാണ് ആദ്യദിനം വിസ്തരിക്കുക. മോട്ടോര്‍ വെഹിക്കിള്‍ അസി. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍ കുമാര്‍ ആയിരുന്നു വിസ്മയയെ വിവാഹം ചെയ്തത്. വിസ്മയയുടെ മരണത്തിനു പിന്നാലെ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.