സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ തനിക്കുള്ളതിനാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നുവെന്നും മസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും മസ്ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു.
ഒക്ടോബറിൽ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ യുഎസ് ഡോളറിന്‍റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഏറ്റെടുക്കലിന് ശേഷം, മസ്ക് ട്വിറ്ററിൽ കൊണ്ടുവന്ന മാറ്റങ്ങളും ഇതിൻ്റെ ആക്കം കൂട്ടി.
ട്വിറ്ററിന്‍റെ പകുതിയോളം ജീവനക്കാരെ കുറച്ചു, നവീകരിച്ച മൈക്രോബ്ലോഗിംഗ് സൈറ്റിൽ ബ്ലൂ സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിച്ചു, കമ്പനിയുടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്ത് നിന്നുള്ള വസ്തുക്കൾ ലേലം ചെയ്‌തു. കമ്പനിക്ക് പ്രതിദിനം 4 ദശലക്ഷം ഡോളർ നഷ്ടപ്പെടുന്നുവെന്നും പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്ക് പറഞ്ഞു.