കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ സംസ്ഥാനത്തും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന നിഗമനത്തിലേക്ക് സര്‍ക്കാര്‍. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ പ്രഖ്യാപിക്കൂ.
രാത്രികാല കര്‍ഫ്യൂവും പരിഗണനയിലുണ്ട്. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കലക്ടര്‍മാര്‍ക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കും. വിഷു ആഘോഷങ്ങള്‍ കഴിയുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
കോവിഡിന്റെ കണക്കില്‍ ഇന്ത്യയും ലോകരാജ്യങ്ങളെ ഞെട്ടിച്ച് മുന്നോട്ട് പോവുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം വരെയായി. ഈ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാരും കാണുന്നത്.
അതിശക്തമായ നടപടികള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്തനിവാരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ അനുമതി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങള്‍. നിലവിലെ രോഗ വ്യാപനത്തിന്റെ തോത് പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ അടുത്ത മാസത്തോടെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടി വരും. മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമാണ്. വിജയാഹ്ലാദങ്ങള്‍ ജനകൂട്ടമായി മാറിയാല്‍ ആശങ്ക കൂടും. ഇതൊഴിവാക്കാനുള്ള നിര്‍ദ്ദേശവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്ബില്‍ വയ്ക്കും. പ്രതിദിന കേസുകള്‍ പതിനായിരം കടക്കുമോ എന്ന ആശങ്ക ശക്തമാണ്.