ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് ചൈനയില്‍ പരക്കുന്നത്.
നിലവില്‍ 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുകയാണ്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വൂഹാനില്‍നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ‘സാര്‍സ്’ ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ എട്ടുപേരെ വൂഹാന്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
വൈറസ് രോഗത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനനടപടിയാണ് സ്വീകരിക്കുന്നത്.