42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
കലാപത്തിനുശേഷം നാലുദിവസം പിന്നിടുമ്പോള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്‌ന പ്രദേശങ്ങളില്‍ നിലവില്‍ എല്ലായിടവും ഇപ്പോള്‍ ശാന്തമാണ്.
ഇന്നലെ കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറുന്നുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും വാഹനങ്ങളോടുകയും ചെയ്യുന്നുണ്ട്.