കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിലെ മാളിയേക്കല്‍ റെയില്‍വേ ഗേറ്റ് അപ്രത്യക്ഷമാകുന്നു. മാളിയേക്കല്‍ ഓവര്‍ബ്രിഡ്ജ് വരുന്നതോടെയാണ് ഗേറ്റ് പൊളിച്ച് മാറ്റുന്നത്. ദീര്‍ഘദൂര
ട്രെയിനുകളുള്‍പ്പടെ പ്രതിദിനം 120 ട്രെയിനുകള്‍ വരെ കടന്നു പോകുന്ന പാതയായി മാറി. മിക്ക സമയത്തും ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിടേണ്ട നിലയായി. ട്രെയിന്‍ കടന്നു പോകുന്നതിനായി
അടയ്ക്കുന്ന ഗേറ്റ് ഇരുവശങ്ങളില്‍ നിന്നുമുള്ള വണ്ടികള്‍ കടന്നുപോയശേഷം തുറക്കുമ്ബോഴേയ്ക്കും വലിയ തിക്കും തിരക്കുമാണനുഭവപ്പെടുന്നത്.
ഗേറ്റ് തുറക്കുമ്ബോള്‍ ഇരുവശത്തുനിന്ന് ലെവല്‍ ക്രോസിനുള്ളില്‍ കിടക്കുന്ന വാഹനങ്ങള്‍ കുടുങ്ങി കിടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അത്യാസന്ന നിലയില്‍ ആശുപത്രിയിലേയ്ക്ക്
കൊണ്ടു പോയ നിരവധി രോഗികള്‍ ഇവിടെ കുടുങ്ങിപ്പോകുകയും യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്തിട്ടുണ്ട്.
ജോലി സ്ഥലങ്ങളില്‍ എത്താന്‍ തിടക്കപ്പെട്ടെത്തുന്നവരും മറ്റ് അത്യാവശ്യ യാത്രക്കാരുമൊക്കെ ഇവിടെ കുടുങ്ങിപ്പോകുക പതിവാണ്. ഇവരൊക്കെ എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ് ഇവിടൊരു ഓവര്‍ബ്രിഡ്ജ്. ആ ആഗ്രഹസാഫല്യത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്.
35 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.