കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.
ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്.
ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമൂഹ വ്യാപനം തടയുന്നതിന് സമീപ പഞ്ചായത്തുകള്‍ കര്‍ശന നടപടികള്‍ തുടങ്ങി.
ജൂണ്‍ 20 മുതല്‍ ജൂലായ് 3 വരെ ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റില്‍ പോയവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് സ്രവ പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിലും കളിസ്ഥലങ്ങളിലും കൂട്ടം കൂടുന്നതും ഹോം ട്യൂഷന്‍ ഉള്‍പ്പെടയുള്ള പരിശീലനങ്ങളും വിലക്കിയിട്ടുണ്ട്.
കൂടാതെ പ്രധാന പാതയ്ക്ക് പുറമെ ശാസ്താംകോട്ട പഞ്ചായത്തിലെ ഇടറോഡുകളും കശുഅണ്ടി ഫാക്ടറികളും പൂര്‍ണമായും അടച്ചു. ആഞ്ഞിലിമൂട്ടിലെ മുഴുവന്‍ കടകളും അടച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പണികള്‍ പൂര്‍ണമായും നിറുത്തിവച്ചിരിക്കുകയാണ്.
ശൂരനാട് തെക്ക് പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായ 10, 13 വാര്‍ഡുകളിലെയും രോഗിയുമായി സമ്ബര്‍ക്കമുണ്ടായതായി കരുതുന്ന അഞ്ചാം വാര്‍ഡിലെയും തൊഴിലുറപ്പ് ജോലികളും നിറുത്തിവച്ചു.
ശാസ്താംകോട്ട പഞ്ചായത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.