കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍.
മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം ചെയ്യുകയായിരുന്ന മരിയ പുഷ്പത്തിന്‍റെ മീന്‍കൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം ആരോപണം വ്യാജമെന്നാണ് നിലവില്‍ പൊലീസിന്‍റെ നിഗമനം. പൊലീസ് വാഹനം മരിയ പുഷ്പത്തിന്‍റെ തൊട്ടടുത്തായിരുന്നില്ല അതുകൊണ്ട് തന്നെ ജീപ്പിലിരുന്ന് കൊണ്ട് തന്നെ മീന്‍കൊട്ട തട്ടിത്തെറിപ്പിച്ചെന്ന മരിയ പുഷ്പത്തിന്‍റെ മൊഴിയിലും സംശയമുണ്ടെന്നാണ് പൊലീസ് നിലപാട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും അന്തിമ നിഗനത്തിലെത്താനാണ് നീക്കം. മീന്‍കൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് ദൃക്സാക്ഷിയായ യൂസഫിന്റെ വെളിപ്പെടുത്തലാണ് കേസില്‍ പുതിയ വഴിത്തിരിവായിരിക്കുന്നത്.