ഉന്നതരെ സ്വാധീനിക്കാനായി വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നതായി ആരോപണം. ഉന്നതരെ സ്വാധീനിക്കാന്‍ മോന്‍സണ്‍ പെണ്‍കുട്ടികളെ അവര്‍ക്ക് കാഴ്ചവെച്ചിരുന്നോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.
ഇരയും മാതാവും നല്‍കിയ പരാതിയിലാണ് മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ദിര്‍ഘകാലമായി തുടര്‍ന്ന പീഡനം ഭയം കാരണം പുറത്തുപറയാനായില്ലെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മോന്‍സന്‍റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പീഡനത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഭയപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതായും സൂചനയുണ്ട്. പെണ്‍കുട്ടിക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്താണ് പീഡനം തുടര്‍ന്നത്. പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
സാമ്ബത്തിക തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. സാമ്ബത്തിക തട്ടിപ്പ് കേസുകളില്‍ മോന്‍സണ്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ പീഡനം തുടര്‍ന്നതായി മൊഴിയിലുണ്ട്.
മറ്റാര്‍ക്കെങ്കിലും സമാന പരാതിയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ, പൊലീസിലും രാഷ്ട്രീയ നേതാക്കളിലും മറ്റു പ്രമുഖരിലും മോന്‍സണുള്ള ഉന്നത സ്വാധീനം ഭയന്ന് പരാതി നല്‍കാത്തവര്‍ ഇപ്പോള്‍ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.