ഏറെ നാളെത്തെ കാത്തിരിപ്പിനാടുവിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.
തമിഴ് നാട്ടിലും മരക്കാർക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മോഹൻലാൽ സർ എപ്പോഴും നല്ല അഭിനയമാകും കാഴ്ച വയ്ക്കുക, പ്രിയദർശൻ സാർ നല്ല രീതിയിൽ ചിത്രം ഒരുക്കിയിട്ടുണ്ട്. എല്ലാ അഭിനേതാക്കളും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. വിഷ്വൽസ് എല്ലാം നന്നായിരുന്നു‘ എന്നാണ് തമിഴ് നാട്ടിൽ നിന്നുമുള്ള ഒരു പ്രേക്ഷകന്റെ പ്രതികരണം.
‘ചൈന ആക്ടറുടെ അഭിനയം കലക്കി, മോഹൻലാലിന്റെ അഭിനയം വേറെ ലെവൽ, റീയൽ ഹിസ്റ്ററി സിനിമ പോലെയുണ്ട്, ബാഹുബലിക്ക് ശേഷമുള്ള മികച്ചൊരു സിനിമ‘, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 12 മണിക്കാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. അതേസമയം, ചിത്രത്തിന്റെ യുഎഇ പ്രീമിയറിന്‍റെ ആദ്യ കളക്ഷന്‍ 2.98 കോടി രൂപയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. യുഎഇയില്‍ മാത്രം 64 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.