Breaking News

ആ ‘പണി’ ദേ ഇവിടെയും; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി, 25 ചായ: കോൾ വരുമ്പോൾ കോളടിച്ചെന്ന് കരുതണ്ട……

ഈസ്റ്റ്∙ ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ.. ഇങ്ങനെ ഒരു കോൾ വന്നാൽ കോളടിച്ചു എന്നു കരുതി ഭക്ഷണം ഒരുക്കി കാത്തിരിക്കാൻ വരട്ടെ. അവർ അടുത്തതായി ‘ഓർഡർ’ ചെയ്യുന്നത് നിങ്ങളുടെ എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാകും. ഓർഡർ അനുസരിച്ച് ഉണ്ടാക്കിയ ഭക്ഷണം കളയേണ്ടി വന്നവെങ്കിലും പെരുവന്താനത്തെ അറഫ ഹോട്ടൽ ഉടമ ഇബ്രാഹിംകുട്ടി തട്ടിപ്പിൽനിന്നു രക്ഷപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

വിക്രം വാഗ്മറേ എന്ന പേരിലുള്ള ആർമി ലിക്കർ കാർഡ് ഉപയോഗിച്ച് ഡൽഹി കേന്ദ്രമായി ഒട്ടേറെ തട്ടിപ്പുകൾ നടത്തിയ സംഘമാണു പിന്നിലെന്നു വ്യക്തമായി. 29–ാം തീയതി വൈകിട്ടാണ് ഹോട്ടലുടമയുടെ ഫോണിലേക്ക് ആർമി ക്യാംപിൽ നിന്നാണ് എന്നു പറഞ്ഞ് ഒരാൾ വിളിച്ചത്. ഹിന്ദിയും മലയാളവും ഇടകലർന്ന ഭാഷയിൽ ‘അറഫ ഹോട്ടൽ അല്ലേ’ എന്നു തന്നെ ചോദിച്ചായിരുന്നു തുടക്കം.

നിങ്ങളുട അടുത്ത് സിഐഎസ്‌എഫിന്റെ ഒരു ക്യാംപുണ്ട്, കുറച്ച് ഫുഡ് വേണം, വാട്സാപ്പിൽ ഓർഡർ നൽകാം എന്നു പറഞ്ഞു ഫോൺ വച്ചു. തൊട്ടുപിന്നാലെ വാട്സാപ്പിൽ ഓർഡർ എത്തി. ഒപ്പം പട്ടാളക്കാരൻ എന്നറിയിക്കാൻ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോയും. 30–ാം തീയതി രാവിലെ 9.30ന് നൽകണമെന്നും പറഞ്ഞു.

ഭക്ഷണം ഉണ്ടാക്കിയശേഷം ഹോട്ടലുടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പണം അയച്ചു നൽകാൻ എടിഎം കാർഡിന്റെ ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത് നൽകാൻ ഹോട്ടലുടമ തയാറായില്ല. ബാങ്ക് വിവരങ്ങളും ചോദിച്ചെങ്കിലും തട്ടിപ്പാണെന്ന് തോന്നിയതോടെ നൽകാൻ പറ്റില്ലെന്ന് പറഞ്ഞു.

അതോടെ വീണ്ടും അടുത്ത ആവശ്യം, 1000 രൂപ അക്കൗണ്ടിലേക്കു അയച്ചു നൽകുക ബിൽ തുകയോടൊപ്പം തിരികെ നൽകാം എന്ന്. അതും പറ്റില്ല എന്ന് പറഞ്ഞതോടെ ഫോൺ കട്ടായി. പിന്നീട് വിളിച്ചിട്ട് ഒരു പ്രതികരണവും ഇല്ല. ഇതോടെ ഹോട്ടലുടമ പൊലീസിൽ പരാതി നൽകി.

ഇയാൾ ഹോട്ടലുടമയ്ക്ക് അയച്ചു നൽകിയ ആർമി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് 2018 മുതൽ ഒട്ടേറെ തട്ടിപ്പുകൾ ഡൽഹിയിൽ നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇതു പ്രചരിച്ചതോടെ സംഘം തട്ടിപ്പ് കേരളത്തിലേക്കു മാറ്റിയതായാണു സൂചന.

ഗ്രാമപ്രദേശമായ പെരുവന്താനത്ത് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന കടയുടെ ഫോൺ നമ്പറും പേരുമൊക്കെ തട്ടിപ്പു സംഘത്തിന് എങ്ങനെ കിട്ടി എന്നതു വ്യക്തമല്ല. ഹോട്ടലുടമകളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്നു പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …