കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനിടെ കേരളത്തിലെ സ്കൂളുകള്‍ക്കെതിരെയും വിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ. സംസ്ഥാനത്തെ പല എയ്ഡഡ് സ്കൂളുകളിലടക്കം ഹിജാബിന് വിലക്കുണ്ടെന്നും ഹിജാബ് നിരോധനം കൊണ്ട് മാത്രം മികച്ച സ്കൂളുകളില്‍ അഡ്മിഷന്‍ എടുക്കാത്ത പെണ്‍കുട്ടികളെ തനിക്കറിയാമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഈ നിരോധനം എടുത്ത് കളഞ്ഞാണ് കേരളസര്‍ക്കാര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
‘കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കര്‍ണാടകയില്‍ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ ശമ്ബളം നല്‍കുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സില്‍ ഇരിക്കാന്‍ അനുവാദമില്ല. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ പല മികച്ച എയ്ഡഡ് സ്കൂളുകളിലും അഡ്മിഷന്‍ എടുക്കാതെ താരതമ്യേന
അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ സ്കൂളുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടി വന്ന മുസ്‌ലിം വിദ്യാര്‍ഥിനികളെ എനിക്ക് നേരിട്ടറിയാം. ഇതു സംബന്ധമായ വിവരശേഖരണം ഞാന്‍ ഹരിതയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് നടത്തിയിട്ടുണ്ട്. കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് കേരളത്തിലിരുന്ന് പിന്തുണ നല്‍കാന്‍ ഭരണാധികാരികള്‍ക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികള്‍ ഭരണഘടനാ അവകാശത്തോട് കൂറ് പുലര്‍ത്തേണ്ടത്. കേവലം അഭിവാദ്യമര്‍പ്പിക്കലോ പിന്തുണ നല്‍കലോ അല്ല ശക്തമായ ഭരണ നടപടികളാണ് നമുക്ക് ആവശ്യം,’
ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.