Breaking News

IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം

ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല.

എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീം. ശേഷിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചാലും പ്ലേഓഫിലെത്തില്ലെന്നു 100 ശതമാനം ഉറപ്പുള്ള ഏക ടീമും അവരാണ്. ലീഗ് ഘട്ടത്തില്‍ ഇനി ബാക്കിയുള്ളത് 15 മല്‍സരങ്ങള്‍ മാത്രമാണ്. ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ പരിശോധിക്കാം.

രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ ഈ സീസണില്‍ ഇനി പ്ലേഓഫില്‍ കാണില്ല. 10 മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും എട്ടു തോല്‍വിയുമടക്കം നാലു പോയിന്റ് മാത്രമുള്ള അവര്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. അവര്‍ക്കു പരമാവധി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന പൊസിഷന്‍ അഞ്ചാംസ്ഥാനമാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഞായറാഴ്ച നേടിയ 91 റണ്‍സിന്റെ വമ്ബന്‍ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് എട്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. സിഎസ്‌കെ ഔദ്യോഗികമായി പ്ലേഓഫ് കാണാതെ പുറത്തായെന്നു ഇനിയും പറയാറായിട്ടില്ല. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തോ, നാലാംസ്ഥാനത്തോ അവര്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത ഇപ്പോഴും 3.4 ശതമാനമുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ഞായറാഴ്ചത്തെ കളിയില്‍ 75 റണ്‍സിനു തോറ്റതോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യത കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. നിലവില്‍ കെകെആര്‍ പ്ലേഓഫ് കാണാനുള്ള സാധ്യത വെറും 2.9 ശതമാനം മാത്രമാണ്. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റ് മാത്രമ കെകെആറിനുള്ളൂ.

പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തോ, നാലാം സ്ഥാനത്തോ, ചിലപ്പോള്‍ രണ്ടാംസ്ഥാനം വരെയെത്താനുള്ള സാധ്യത 25 ശതമാനമാണ്. നിലവില്‍ പഞ്ചാബ് 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ്.

ഞായറാഴ്ചത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു കൂടുതല്‍ മങ്ങലേറ്റിരിക്കുകയാണ്. ലീഗില്‍ ആദ്യ നാലില്‍ എസ്‌ആര്‍എച്ച്‌ ഫിനിഷ് ചെയ്യാനുള്ള സാധ്യത 42.5 ശതമാനത്തില്‍ നിന്നും 21.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സിഎസ്‌കെയോടേറ്റ വന്‍ പരാജയം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നേരത്തേ ഡിസി പ്ലേഓഫിലെത്താന്‍ 41.4 ശതമാനം സാധ്യതയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉതു 23 ശതമാനം മാത്രമാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെുത്തിയിരിക്കുകയാണ്. നേരത്തേ ആര്‍സിബിയുടെ സാധ്യത 63 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതു 89.6 ശതമാനമാണ്. ഞായറാഴ്ചത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിനു തകര്‍ത്തുവിട്ടതോടെയാണ് ആര്‍സിബി പ്ലേഓഫിനു ഒരുപടി കൂടി അടുത്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …