ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല അവകാശപ്പെടുന്നു.
1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഈ വാക്‌സിന്‍ വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു.
കണ്ടെത്തലുകള്‍ വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ എല്ലാതരത്തിലുമുള്ള കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തണം.
വളരെ വേഗം ഇതിന്റെ ഫലം അറിയാന്‍ കഴിയുമെന്നും സര്‍വകലാശാല അഭിപ്രായപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ AZD1222 എന്നാണ് വാക്‌സിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷ്‌സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ അസ്ട്രസെനെക പിഎല്‍സിയാണ് യൂണിവേഴ്‌സിറ്റിക്ക് പരീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.