തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 57 പേര് മരണപ്പെട്ടു. മിനാസ് ജെറൈസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 48 പേരാണ് ഇവിടെ മാത്രം മരണപ്പെട്ടത്.
മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് .
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടര്‍ന്ന് 3,500 പേരെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നദികള്‍ കവിഞ്ഞൊഴുകുകയാണ്. ദേശീയപാതകള്‍ ഉള്‍പ്പെടെ നിരവധി റോഡുകള്‍ വെള്ളത്തിനടയില്‍ മുങ്ങിയിരിക്കുകയാണ്.
മിനാസ് ജെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെ നഗരത്തില്‍, വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 171.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു.110 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് മിനാസ് ജെറൈസില് ഇത്ര ശക്തമായ മഴ പെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.