ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. അതേസമയം രണ്ട് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കുന്നത്.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
അസോസിയേഷനില്‍ നിന്ന് യാതൊരു ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോവുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
എസ്ബിഐ ഉള്‍പ്പടെയുള്ള വിവിധ ബാങ്കുകള്‍ രണ്ട് ദിവസം സേവനങ്ങളില്‍ തടസം നേരിട്ടേക്കാം എന്ന് ഉപഭോക്താക്കളെ അറിയിച്ചിച്ചിട്ടുണ്ട്.