കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യതക്കുറവിന്റെ രൂക്ഷതയുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും പ്രാണവായു ലഭിക്കാതെ ഒരു മരണം പോലും
സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാജ്യസഭയെയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാന്‍ അറിയിച്ചത്. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു
മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്റെ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികള്‍ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യം സംസ്ഥാന വിഷയമാണെന്ന കാര്യം
ഭാരതി പ്രവീണ്‍ പവാര്‍ ചൂണ്ടിക്കാട്ടി. മരണങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന മാര്‍ഗനിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥിരമായി മരണങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഓക്സിജന്‍ ഇല്ലാതെ മരിച്ചുവെന്ന് പറഞ്ഞു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’ – മന്ത്രി വ്യക്തമാക്കി.