അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുതിച്ചുയരുന്നു. ഒമാന്‍ അസംസ്കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് 125.16 ഡോളറിലെത്തി. വെള്ളിയാഴ്ച ബാരലിന് 108.87 ഡോളറായിരുന്നു വില. 16.29 ഡോളറാണ് വാരാന്ത്യംകൊണ്ട് വര്‍ധിച്ചത്. ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എണ്ണ വില വര്‍ധിച്ചതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച ഒമാനില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 24.250 റിയാലായിരുന്നു വില. രാവിലെ വില 24.300 വരെ എത്തി. ഇതു സര്‍വകാല റെക്കോഡാണ്. ഇതോടെ വിനിമയ നിരക്കും ഉയര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ വിനിമയ നിരക്ക് സര്‍വകാല റെക്കോഡിലെത്തി. ആഗോള വിനിമയ ഏജന്‍സികള്‍ ഒരു റിയാലിന് 200.532 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച ഉച്ചവരെ കാണിച്ചിരുന്നത്. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 199.50 രൂപ എന്ന നിരക്കാണ് നല്‍കിയത്.
ഒമാന്‍ റിയാലിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്ക് 198.90 രൂപയാണ്. കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ 2020 ഏപ്രിലിലാണ് ഈ നിരക്ക് ലഭിച്ചത്. പിന്നീട് വിനിമയ നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നും ഒരു റിയാലിന് 198 രൂപ ലഭിച്ചിരുന്നു. 10 വര്‍ഷം മുമ്ബ് ഇതേ മാസം 10ന് 129 റിയാലായിരുന്നു വിനിമയ നിരക്ക്.