കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.
ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നുണ്ട്.
നിലവില്‍ മൂന്ന് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലുമായി ഉണ്ട്. ഇവരെ ഘട്ടംഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടി വേഗത്തിലാക്കും. പുതിയ ഉംറ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല.
പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം തീര്‍ത്ഥാടകരുടെ സുരക്ഷക്കും പ്രാധാന്യം നല്‍കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. മക്കയിലും മദീനയിലും അതീവ ജാഗ്രതയോടെയാണ് മുന്‍കരുതല്‍ നടപടികള്‍.